Posted by : Admin

പൊട്ടിയ സ്മാർ‌ട്‌‌ഫോൺ സ്‌ക്രീൻ ഫോൺ സ്വയം നന്നാക്കുന്ന സാങ്കേതിക വിദ്യ ഉടൻ

കൈയിൽനിന്ന് അബദ്ധത്തിൽ താഴെ വീണ് പൊട്ടിയ സ്മാർട്‌ഫോൺ സ്‌ക്രീൻ ഒന്നു മാറിവയ്ക്കണമെങ്കിൽ സാധാരണക്കാരന് നല്ലൊരു തുക ഇന്ന് ചെലവാകും. എന്നാലിതാ അതിനും പരിഹാരം ഉടൻ വരുന്നു. 

കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈൻസ് ആൻഡ് ടെക്നോളജിയിലെ (KIST) ഒരുസംഘം ഗവേഷകരാണ് ലോകമെമ്പാടുമുള്ള മൊബൈൽ ഉപയോക്താക്കൾക്ക് സന്തോഷം പകരുന്ന കണ്ടെത്തൽ നടത്തിയിരിക്കുന്നത്. അവർ കണ്ടെത്തിയ ഇലക്‌ട്രോണിക് മെറ്റീരിയലാണ് സ്‌മാർ‌ട്‌ഫോൺ സ്ക്രീനിന്റെ പൊട്ടലും മറ്റു സാങ്കേതിക തകരാറുകളും സ്വയം കണ്ടെത്തി പരിഹരിക്കുന്നത്. അതിശയം തോന്നുന്നു അല്ലേ. എന്നാൽ അതിശയിപ്പിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഈ ഇലക്‌ട്രോണിക് മെറ്റീരിയലിന്  സ്വയം പ്രവർത്തനശേഷി നൽകുന്നത്  ലിൻസീഡ് ഓയിൽ അഥവാ ചണയെണ്ണയാണ്. 

ചണച്ചെടിയുടെ വിത്തിൽ നിന്നാണ് ചണയെണ്ണ വേർതിരിച്ചെടുക്കുന്നത്. ഇതേ വിത്തുകൾ തന്നെ ഒരു പ്രത്യേക രീതി അവലംബിച്ച് വർണരഹിതമായ പോളിമൈഡിലേക്ക് (PCI) ചേർക്കാനുള്ള ഉപാധി വികസിപ്പിച്ചെടുത്തു. സാധാരണ സ്മാർ‌ട്ഫോൺ സ്ക്രീനുകളിൽ നിന്ന് വ്യത്യസ്തമായി ഏതു രീതിയിലും മടക്കാൻ കഴിയുന്ന ഫോൺ സ്ക്രീനുകൾ വികസിപ്പിച്ചെടുക്കുന്നതു വഴി സ്മാർട്‌ഫോൺ ഉൽപാദന രംഗത്ത് കുതിച്ചുചാട്ടം തന്നെ ഉണ്ടാകും.

ഇപ്രകാരം വികസിപ്പിച്ചെടുത്ത വർണരഹിതമായ പോളിമൈഡിന് (PCI) വിള്ളലുകളോ പൊട്ടലോ തകരാറോ ഉണ്ടാകുമ്പോൾ ചണയെണ്ണയിൽ അടങ്ങിയിട്ടുള്ള രാസഘടകങ്ങൾ തകരാറു സംഭവിച്ച ഭാഗങ്ങളിലേക്ക് ആഴ്ന്നിറങ്ങി സ്വയമേവ കേടുപാടുകൾ പരിഹരിക്കും. 

ഡിസ്പ്ലേ തകരാറുകൾ സ്വയം പരിഹരിക്കുന്ന PCI നിർ‌മിക്കുന്നതിനായി ആദ്യം ചണയെണ്ണ മൈക്രോ കാപ്സ്യൂളുകളിലേക്ക് ലോഡ് ചെയ്യുന്നു. തുടർന്ന് അത് സിലിക്കൺ മെറ്റീരിയലിൽ കലർത്തുന്നു. ആ മിശ്രിതം സിപിഐയുടെ മുകൾഭാഗത്ത് ഒരു കോട്ടിംഗ് പോലെ ഉപയോഗിച്ചായിരുന്നു പരീക്ഷണം.

ഇപ്രകാരം പ്രത്യേകമായി രൂപകൽപന ചെയ്തെടുത്ത പിസിഐയ്ക്ക് പൊട്ടലോ വിള്ളലോ സംഭവിക്കുമ്പോൾ പിസിഐയുടെ ഉള്ളിലെ മൈക്രോ കാപ്യൂസൂളുകളും തകർന്ന് ഉള്ളിൽ നിറച്ചിരിക്കുന്ന ചണയെണ്ണ വിള്ളലുകളിലേക്ക് ആഴ്ന്നിറങ്ങുന്നു. ഈ എണ്ണ അന്തരീക്ഷത്തിലെ ഓക്സിജനുമായി പ്രതിപ്രവർത്തിച്ച് കട്ടിയായ പാളിയായി മാറുന്നു. ഇങ്ങനെ രൂപപ്പെടുന്ന പിസിഐ സ്ക്രീൻ പുതുപുത്തനായിത്തന്നെ കാണപ്പെടും.

ഈ പ്രക്രിയയെല്ലാം സംഭവിക്കുന്നത് സാധാരണ താപനിലയിലും അന്തരീക്ഷമർദത്തിലുമാണ്. ബാഹ്യമായ മർദമൊന്നും ഇതിന് ആവശ്യം വരുന്നില്ല എന്നതാണ് എടുത്തുപറയേണ്ട സവിശേഷത. എന്നിരുന്നാലും കൂടുതൽ മർദവും ഈർപ്പവും അൾട്രാവയലറ്റ് രശ്മിയുടെ സാന്നിധ്യവും ഉണ്ടെങ്കിൽ സ്വയം കേടുപാടുകൾ തീർക്കുന്ന പ്രക്രിയയുടെ വേഗം കൂടുന്നതാണ്.

അനുകൂല സാഹചര്യത്തിൽ ലഭ്യമായ അൾട്രാവയലറ്റ് റേഡിയേഷനിൽ 91 ശതമാനം ഡിസ്പ്ലേ വിള്ളലുകളും 
20 മിനിറ്റിനുള്ളിൽ തന്നെ സ്വയം പരിഹരിക്കപ്പെടുന്നതായാണ് പരീക്ഷണങ്ങളിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.

കാര്യങ്ങൾ ആശാവഹമാണെങ്കിലും ഇനിയും ഒട്ടേറെ പരീക്ഷണ-നിരീക്ഷണങ്ങൾ ഈ രംഗത്ത് നടക്കേണ്ടതുണ്ട്.
എന്തായാലും അധികം വൈകാതെ സ്മാർട്‌ഫോൺ ഉൽപാദന രംഗത്ത് വൻ വിപ്ലവംതന്നെ സൃഷ്ടിക്കുന്ന ഈ സാങ്കേതികവിദ്യ നമ്മൾ നേടിയെടുക്കുകതന്നെ ചെയ്യും
 
  

Post Free Ad